കയ്പമംഗലം: തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കയ്പമംഗലം പ്രദേശങ്ങളിലെ മുഴുവൻ നായകളെയും ഇല്ലായ്മ ചെയ്യാനായി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിക്ക് അപേക്ഷിക്കുന്നതിന് തദ്ദേശസ്ഥാപനതലസമിതി യോഗം തീരുമാനിച്ചു.
ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ കൃത്യമായ നിയന്ത്രണവും പൊതുജന ബോധവത്കരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നത് പ്രധാനമായും മാലിന്യങ്ങള്തള്ളുന്ന സ്ഥലങ്ങളിലാണെന്നതിനാൽ പഞ്ചായത്ത് പരിധിയിലുള്ള.
ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഇറച്ചി വിപണനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അതിൻറെ ഭാഗമായി ഇത്തരം സ്ഥലങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തും.
പേവിഷബാധ തടയുന്നതിനായി തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും കൃത്യമായ ഇടവേളകളില്‍ വാക്സിനേഷന് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പഞ്ചായത്ത് വെറ്റിനറി സർജനോട് ആവശ്യപ്പെടും. ആക്രമണകാരികളായ നായ്ക്കളെയും രോഗം ബാധിച്ചവയെയും നിരീക്ഷിക്കുന്നതിന് താൽക്കാലിക ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി തീരുമാനമെടുത്തു.
വീട്ടില്‍വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുകയും അവയെ തെരുവിലേക്ക് ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള കർശനനടപടികൾക്ക് തീരുമാനിച്ചു. വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പുവരുത്തുന്നതിന് ഹരിതകർമസേനയേയും ആശാ പ്രവർത്തകരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു. അപകടകാരികളായ നായ്ക്കളെ കണ്ടാല്‍ വിവരമറിയിക്കാന്‍ രണ്ടോ മൂന്നോ വാർഡുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ തലത്തിൽ ജനകീയ ജാഗ്രതാസമിതികൾ രൂപീകരിക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് സക്കറിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് സെക്രട്ടറി പി.ഡി. പരമേശ്വരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എൻ. ആശ, കയ്പമംഗലം സിഐ ബിജിത്ത്, സബ് ഇൻസ്പെക്ടർ അജാസുദ്ദീൻ, സീനിയർ വെറ്ററിനറി സർജൻ രാഗേഷ്, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സിജി, പഞ്ചായത്ത് ആസൂത്രണസമിതി ചെയർമാൻ ജോഷി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.